മലപ്പുറം: പോത്തുകല്ലിൽ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. രഹനയുടെ ഭർത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
തുടിമുട്ടിയിൽ വീടിന് പിന്നിൽ ഉള്ള റബർ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈൽ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു.
ഭാര്യ രഹ്നയും മക്കളായ ആദിത്യൻ, അനന്തു, അർജുനെയും ഞായറാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വിനേഷിനെതിരെ ആരോപണവുമായി രഹ്നയുടെ അച്ഛൻ രാജൻ കുട്ടിയും രംഗത്ത് വന്നിരുന്നു.
മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രഹ്നയുടെ അച്ഛൻ രാജൻ കുട്ടി ആരോപിച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ വിനേഷും ജീവനൊടുക്കിയത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,