കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലെ മുസ്ലിം ലീഗ് ഇടപെടലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഇന്ത്യന്‍ ഹൃദയഭൂമയില്‍ ലീഗ് മണ്ണിട്ട് മൂടപ്പെട്ട സ്ഥിതിയിലാണ്. ലീഗ് രാഷ്ട്രീയം പറയാതിരുന്നാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ മറക്കും. ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട് മാത്രം രാഷ്ട്രീയമുണ്ടാക്കാനാകില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുണ്ടാക്കിയ നേട്ടം സ്വാഭാവികമാണ്. ഖാഇദെ മില്ലത്തും സേഠ് സാഹിബും മുസ്ലിം രാഷട്രീയത്തിന്റെ പ്രതീകമായിരുന്നു. ഇപ്പോഴത് ഉവൈസിയുടെ കൈകളിലേക്ക് പോവുകയാണെന്നും ലേഖനത്തില്‍ നൗഷാദ് മണ്ണിശ്ശേരി പറയുന്നു.
'അസദുദ്ദീന്‍ ഉവൈസി ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ വഞ്ചിച്ചുവെന്ന് എന്ത് അര്‍ഥത്തിലാണ് പറയുന്നത്. സ്വപ്രയത്നത്താല്‍ അഞ്ചു സീറ്റ് നേടിയ എ.ഐ.എം.ഐ.എമ്മിന്റെ സ്വാധീനം മനസിലാക്കി കോണ്‍ഗ്രസും ആര്.ജെ.ഡിയും നേതൃത്വം നല്കുന്ന മുന്നണിയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തി ഉവൈസിയുടെ അധ്വാനം മഹാസഖ്യത്തിനു കരുത്തുപകരുന്ന തരത്തിലേക്ക് വഴിതിരിച്ചു വിടാത്തതിന്റെ ഉത്തരവാദികള്‍ ആരാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബോധപൂര്‍വമായ ഇടപെടല്‍ നടത്തുമ്പോഴാണ് മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുക. കരയ്ക്കു കയറിനിന്ന് ന്യായം പറഞ്ഞും മാറിനില്‍ക്കുന്നതിനെ മഹത്വവല്‍ക്കരിച്ചും മുന്നോട്ടുപോകാന്‍ സാധ്യമല്ല. അസദുദ്ദീന്‍ ഉവൈസിക്ക് ഇത്രത്തോളം എത്താന്‍ കഴിയുന്നിടത്ത് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ ഒരു സമുദായത്തെ പ്രതിനിധീകരിച്ച് അവകാശങ്ങള്‍ നേടിയെടുത്ത ഖാഇദേ മില്ലത്തിന്റെ പ്രസ്ഥാനം നോക്കിനില്‍ക്കേണ്ടി വരിക എന്നത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.'- ലേകനത്തില്‍ നൗഷാദ് ചൂണ്ടാക്കാട്ടുന്നു.
അതേസമയം ലേഖനത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിക്കുകയല്ല, ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് പറയുകയാണ് ചെയ്തതെന്ന് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു.