തെരഞ്ഞെടുപ്പിൽ സീറ്റ് ഹിന്ദുത്വ പ്രചാരകർക്ക് മാത്രം, മുസ്ലിങ്ങൾക്ക് ഒരു സീറ്റ് പോലും നൽകില്ല; വിവാദ പ്രസ്താവനയുമായി കർണാടക ബിജെപി മന്ത്രി


ബെൽഗാവി: ബെൽഗാവി ലോക്സഭ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിക്ക് പോലും
ബി ജെ പി സീറ്റ് നൽകില്ലെന്ന് കർണാടക ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ. ശനിയാഴ്ച ആയിരുന്നു കർണാടക മന്ത്രി ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയത്.

മുസ്ലിം സ്ഥാനാർത്ഥിക്ക് സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയ അദ്ദഹം ഹിന്ദു വിഭാഗത്തിലെ ഏതെങ്കിലും സമുദായത്തിൽ നിന്നുള്ളയാൾക്ക് പാർട്ടി സീറ്റ് നൽകുമെന്നും വ്യക്തമാക്കി. 'ഹിന്ദുക്കളിലെ ഏത് സമുദായത്തിനും ഞങ്ങൾ പാർട്ടി ടിക്കറ്റ് നൽകിയേക്കാം. ഞങ്ങൾ ടിക്കറ്റ് നൽകുന്നവർ ചിലപ്പോൾ ലിംഗായത്തുകൾ‌, കുറുബകൾ‌, വോക്കലിഗക്കാർ‌ അല്ലെങ്കിൽ‌ ബ്രാഹ്മണർ‌ എന്നിവരിൽ ആരെങ്കിലുമാകാം. പക്ഷേ തീർച്ചയായും ഇത്‌ മുസ്‌ലിംകൾ‌ക്ക് നൽകില്ല,” - അദ്ദേഹം വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

ആളുകളുടെ വിശ്വാസം നേടി വിജയിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും മാധ്യമപ്രവർത്തകരോട് മുതിർന്ന ബി ജെ പി നേതാവായ അദ്ദേഹം പറഞ്ഞു. 'ബെൽഗാവി എന്നു പറയുന്നത് ഹിന്ദുത്വത്തിന്റെ കേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇവിടെ മുസ്ലിങ്ങൾക്ക് സീറ്റ് നൽകുന്ന ചോദ്യമേ ഉയരുന്നില്ല' - അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19 ബാധിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി ആയിരുന്ന സുരേഷ് അംഗാഡി കഴിഞ്ഞയിടെ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് ബെൽഗാവി ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം, ഇവിടുത്തെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

പാർട്ടിയിൽ വിശ്വാസമില്ലാത്തതിനാൽ മുസ്ലിങ്ങൾക്ക് മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന് കഴിഞ്ഞ ഏപ്രിലിൽ കൊപ്പലിൽ വച്ച് ഈശ്വരപ്പ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് താൻ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഒരു സമുദായത്തെയും വെറുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമുദായത്തിൽ നിന്നുള്ള ഒരു പ്രത്യേക നേതാവിന് സീറ്റ് ലഭിക്കുമോ എന്ന ചോദ്യത്തിന് ആയിരുന്നു അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക