തിരുവമ്പാടി: എൽഡിഎഫ് സ്ഥാനാർഥിയുടെ ഭാര്യയും തിരുവമ്പാടിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയുമായ യുവതിയെ ലാബിൽ എത്തി ആക്രമിച്ച കേസിലെ പ്രതിയുടെ രേഖാചിത്രം തിരുവമ്പാടി പൊലീസ് പുറത്തുവിട്ടു. മുക്കം നഗരസഭയിലെ ഡിവിഷൻ അഞ്ച് (തോട്ടത്തിൻ കടവ്) എൽ.ഡി.എഫ് സ്ഥാനാർഥി നൗഫൽ മല്ലശ്ശേരിയിയുടെ ഭാര്യ ഷാനിദയാണ് 22ന് അജ്ഞാതന്റെ അക്രമത്തിനിരയായത്.
ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടി കുരിശുപള്ളിക്ക് സമീപത്തെ സ്വകാര്യ മെഡിക്കൽ ലാബിൽ രാവിലെ ഏഴരയോടെയായിരുന്നു അക്രമം. മാസ്ക് ധരിച്ചെത്തിയ അക്രമി ഷാനിദയുടെ കഴുത്തിന് പിടിക്കുകയായിരുന്നുവത്രെ.
പരിക്കേറ്റതിനെ തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം സംബന്ധിച്ച് പൊലീസിന് തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് രേഖാചിത്രം തയാറാക്കിയത്.
മെഡിക്കൽ ലാബിെൻറ സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളിൽനിന്ന് പ്രതിയുടെ സൂചനകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സംഭവത്തിനുപിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോയെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.