ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീംകോടതി. ഉത്സവങ്ങളേക്കാൾ വലുതാണ് ജീവന്റെ സംരക്ഷണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പടക്കം പൊട്ടിക്കുന്നതിനു വിലക്കേർപ്പെടുത്തിയ കോൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
“ഉത്സവങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നു ഞങ്ങൾക്ക് അറിയാം. അതിലേറെ അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയുള്ളപ്പോൾ ജീവന്റെ സംരക്ഷണത്തിൽ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യം നൽകാനാവില്ല. ജീവിതം തന്നെ അപകടാവസ്ഥയിൽ നിൽക്കുന്പോൾ മറ്റുള്ള പ്രശ്നങ്ങളുമായി താതാത്മ്യം പ്രാപിക്കാൻ ജനങ്ങൾ തയാറാകണം.” – ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി.