ഭോപ്പാല്‍: മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം കുറിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങളില്‍ തിരഞ്ഞുപിടിച്ച് കൃത്രിമം നടത്തിയതുകൊണ്ടാണ് തന്റെ പാര്‍ട്ടി പിന്നോട്ടുപോയത്. അല്ലാത്തപക്ഷം ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ഒരു കാരണവശാലും നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൃത്രിമം നടത്താന്‍ സാധിക്കാത്തവയല്ല വോട്ടിങ് യന്ത്രങ്ങള്‍. തിരഞ്ഞുപിടിച്ച് കൃത്രിമം നടത്തുകയാണ് ചെയ്തത്. ഒരു കാരണവശാലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആയിരക്കണക്കിന് വോട്ടുകള്‍ക്ക് പിന്നാക്കംപോയി. കോണ്‍ഗ്രസിന്റെ യോഗം നാളെ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് തള്ളി. പരാജയത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദിഗ്വിജയ് സിങ്ങിന്റെ പാര്‍ട്ടി 114 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇ.വി.എമ്മുകള്‍ക്ക് തകരാര്‍ ഉണ്ടായിരുന്നില്ലേ എന്നും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ചൗഹാന് ആവശ്യപ്പെട്ടു.
ശിവ്രാജ് സിങ് ചൗഹാന് നേതൃത്വം നല്കുന്ന മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് അവിടുത്തെ 28 മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെപിക്ക് എട്ട് മണ്ഡലങ്ങളില്‍ വിജയിക്കേണ്ടതുണ്ട്. 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് ഈ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതേത്തുടര്‍ന്നാണ് ബിജെപി നേതാവ് ശിവ്രാജ് സിങ് ചൗഹാന് നാലാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായത്.