കോഴിക്കോട്: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സുഹൃത്തിനെ അറസ്റ്റുചെയ്തു. കണ്ണൂർ കൂത്തുപറമ്പ് കുഞ്ഞിപറമ്പത്ത് ടി. സജീറി(26)നാണ് കുത്തേറ്റത്. കല്ലായി പള്ളിക്കണ്ടി ആയിഷ മൻസിലിൽ എൻ.പി. യാസിൻ അറാഫത്ത് (22) ആണ് അറസ്റ്റിലായത്. സജീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയറിനാണ് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്കുശേഷം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പാളയം ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച രാത്രി 1.25-ഓടെയാണ് സംഭവം. വാക്കേറ്റവും ഉന്തും തള്ളുമായി പിന്നീട് കുത്തുകയായിരുന്നു. യാസിൻ കൊടുക്കാനുള്ള പണം തിരിച്ചുചോദിച്ച ദേഷ്യത്തിന് സജീറിനെ കുത്തുകയായിരുന്നെന്ന് കസബ പോലീസ് പറഞ്ഞു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നതെന്ന് എസ്.ഐ. വി. സിജിത്ത് വ്യക്തമാക്കി.