ഊരാളുങ്കളിന്റെ ആസ്ഥാനത്ത് ഇ.ഡിയുടെ റെയ്‌ഡെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ചെയര്‍മാന്‍ പാലേരി രമേശന്‍


കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡു നടത്തി എന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ അറിയിച്ചു.

ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണു സൊസൈറ്റിയില്‍ പ്രവേശിച്ചത്. നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത് കൂടാതെ സൊസൈറ്റിയുടെ ഇന്‍കം ടാക്‌സ് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ. കോപ്പറേറ്റീവ് നിയമങ്ങളും ഇന്‍കം ടാക്‌സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്ന് എല്ലാ മാദ്ധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക