മലപ്പുറം: സെൻട്രൽ പൊലീസ് കന്റീനിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു വില്പന നടത്തിയ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം മേൽമുറി സ്വദേശി കൂട്ടംപള്ളി ഷൈജുവിനെ (47) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഷൈജു പല തവണകളായി കന്റീനിൽ വിൽപനയ്ക്കു വച്ചിരുന്ന വിവിധ കമ്പനികളുടെ 117 മൊബൈൽ ഫോണുകളാണു മോഷ്ടിച്ചത്.
ഇവക്കയെല്ലാം നഗരത്തിലെ മൊബൈൽ ഷോപ്പുകളിൽ കടകളിൽ വിൽപന നടത്തുകയായിരുന്നു പ്രതി ചെയ്തിരുന്നത്. ഇത്തരത്തിൽ മോഷ്ടിച്ച മൊബൈലുകൾ വിൽപ്പന നടത്തി ഏകദേശം 16 ലക്ഷത്തോളം രൂപ പ്രതി സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. ഒടുവിൽ കന്റീനിലെ ഇന്റേണൽ ഓഡിറ്റിങ്ങിലാണ് മോഷണം പിടിക്കപ്പെട്ടത്. കന്റീൻ മാനേജരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.