ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കണ്ട്രോൾ– പിയുസി) കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. പ്രധാന വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡും വാഹനങ്ങൾക്കായി രൂപപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പിയുസി ഡേറ്റ ബേസും ദേശീയ റജിസ്റ്ററും ബന്ധിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
വാഹന ഉടമകൾക്ക് എസ്എംഎസ് ആയി വിവരങ്ങൾ കൈമാറുന്നതും പരിഗണനയിലുണ്ട്. സെൻട്രൽ മോട്ടർ വെഹിക്കിൾ റൂൾസിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. വിഷയത്തിൽ നിർദേശങ്ങളും എതിർപ്പുകളും അറിയിക്കാമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.
ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്.