തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതിക്കാരോട് മോശമായി പെരുമാറിയ എ.എസ്.ഐ ഗോപകുമാറിന് സസ്പെന്ഷന്. നെയ്യാര്‍ ഡാം സ്റ്റേഷനില്‍ വച്ചാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. നേരത്തെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എഎസ്ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടെന്ന് അന്വേഷണ റിപോർട്ട് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീൻ ഡി.ജി.പിക്ക് നൽകിയിരുന്നു.
ഗോപകുമാറിന്റെ പെരുമാറ്റവും യൂണിഫോം ധരിക്കാത്തതും ഗുരുതര വീഴ്ചയാണ്. കൂടുതൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടോയെന്ന് പ്രത്യേക അന്വേഷണം നടത്താനും തീരുമാനിച്ചു. സേനക്കാകെ നാണക്കേടുണ്ടാക്കിയ പെരുമാറ്റമെന്നാണ് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരു ദീൻ കുറ്റപ്പെടുത്തുന്നത്. പരാതിക്കാരനായ സുദേവൻ ചീത്ത വിളിച്ച് പ്രകോപിപ്പിച്ചതാണ് ഇങ്ങിനെ പെരുമാറാൻ ഇടയാക്കിയതെന്നാണ് എ.എസ്.ഐ നൽകിയ വിശദീകരണം.
എന്നാൽ, ചീത്ത വിളിക്കാനും ഭീഷണിപ്പെടുത്താനും അതൊരു ന്യായീകരണമല്ലന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഈ കേസുമായി ബന്ധമില്ലാത്ത ഗോപന് ഇടപെടെണ്ട ആവശ്യമില്ലായിരുന്നു. ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കാതെ സ്റ്റേഷനിൽ ഇരുന്നതും വീഴ്ച യാണെന്ന് ഡി.ഐ.ജി കണ്ടെത്തി. നിലവിൽ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അച്ചടക്ക നടപടി തുടരാമെന്നും ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ചൊവ്വാഴ്ചയാണ് കുടുംബ പ്രശ്നത്തിൽ പരാതിയുമായെത്തിയ സുദേവനും മകൾക്കും അധിക്ഷേപം നേരിട്ടത്. എസ്. ഐ ഉൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം. അവരുടെ വീഴ്ചയെക്കുറിച്ചും ഡി.ഐ.ജി പ്രത്യേകം അന്വേഷിക്കും.