ചെറായി: രക്തേശ്വരി ബീച്ച് റോഡില്‍ കാര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീന(35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. എറണാകുളത്ത് നിന്നും ചെറായി ബീച്ചിലേക്ക് സഞ്ചരിച്ച ഇവരുടെ കാറിന് കുറുകെ തെരുവു നായ ചാടുകയും ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കായലില്‍ വീഴുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷപെടാന്‍ ഇരുവരും ശ്രമിച്ചെങ്കിലും വൃശ്ചിക വേലിയേറ്റത്തെ തുടര്‍ന്ന് ഒഴുക്കും വെള്ളക്കൂടുതലും ഉള്ളതിനാല്‍ സാധിച്ചില്ല.
ഒടുവില്‍ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സബീനയുടെ മരണം സംഭവിച്ചിരുന്നു. അബ്ദുല്‍ സലാം അപകടനില തരണം ചെയ്തു. മുനമ്പം എസ് ഐ റഷീദിന്റെ നതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ആലങ്ങാട് ജുമാ മസ്ജിദില്‍ നടക്കും.