മലപ്പുറം: കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്റ് പ്രതി മഞ്ചേരിയിലെ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷമീം(22) ആണ് മരിച്ചത്. മഞ്ചേരി കോഴിക്കോട് റോഡിലുള്ള സിഎഫ്എല്‍ടിസിയിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചത്.
കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി മഞ്ചേരി സ്പെഷ്യൽ ജയിലിലേക്ക് മാറ്റാനിരിക്കെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . 31 കാരിയായ കോട്ടക്കല്‍ സ്വദേശിനിയെ അവരുടെ രണ്ടാം വിവാഹത്തിൻ്റെ അന്ന് രാത്രി ഇയാള്‍ അട്ടപ്പാടിയിലേക്ക് തട്ടികൊണ്ടുപോയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കോട്ടക്കൽ പോലീസ് ഇവരെ അട്ടപ്പാടിയിൽ വച്ച് പിടികൂടി.
കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതി ഇയാൾക്ക് എതിരെ മൊഴി നൽകി. പൊലീസിനോട് പറയാത്ത മൊഴി ആണ് കോടതിയിൽ ഇവർ പറഞ്ഞത്. അട്ടപ്പാടിയിൽ വച്ച് യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുകയും സ്വർണം കവരുകയും ചെയ്തു എന്ന് ആയിരുന്നു മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ കോടതി യുവാവിനെ റിമാൻഡ് ചെയ്തു.
പക്ഷേ കോവിഡ് ഫലം പോസിറ്റീവ് ആയതിൻ്റെ അടിസ്ഥാനത്തിൽ യുവാവിനെ മഞ്ചേരിയിലെ കോവിഡ്കെയർ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ജയിലിലേക്ക് മാറ്റാനിരിക്കെ ആണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.