ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് ടെസ്റ്റുകള്‍ ഇരട്ടിയാക്കും എന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കും.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം വിലയിരുത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ജനങ്ങളെ വൈറസ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ഇവ ഫലം ചെയ്തുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
● കോവിഡ് വ്യാപനം തടയാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ഇവയാണ് -
● ഡല്‍ഹിയിലെ ആര്.ടി-പി.സി.ആര് ടെസ്റ്റുകള്‍ ഇരട്ടിയാക്കും
●ഡിആര്ജിഒയുടെ കോവിഡ് കേന്ദ്രത്തില്‍ കിടക്കകളുടെ എണ്ണം 250 - 300 വരെ വര്‍ധിപ്പിക്കും.
●10,000 കിടക്കകളുള്ള ഛത്താര്‍പുര്‍ കോവിഡ് സെന്ററിന്റെ ശേഷി ഇനിയും വര്‍ധിപ്പിക്കും
●ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കൂടുതല്‍ ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കും.
● ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം നിയന്തരം സന്ദര്‍ശിച്ച് കിടക്കകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.
● സിആര്‍പിഎഫിന്റെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും.
● ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് കൈമാറും.