ബംഗളൂരു: ഭക്ഷണം ഓൺലൈനിൽ വാങ്ങിയ വീട്ടമ്മക്ക് നഷ്ടമായത് 50,000 രൂപ. ദക്ഷിണ ബംഗളൂരുവിലാണ് വൻ തട്ടിപ്പ് നടന്നത്. 250 രൂപക്ക് ഭക്ഷണം ഓൺലൈനായി വാങ്ങാനായിരുന്നു പരാതിക്കാരിയായ വീട്ടമ്മ ശ്രമിച്ചത്. ഫെയ്സ്ബുക്കിലെ പരസ്യം കണ്ടായിരുന്നു സദാശിവനഗറിലുള്ള ഹോട്ടലെന്ന പേരിൽ നൽകിയ ഫോൺ നമ്പറിലേക്ക് സവിത ശർമ്മ എന്ന വീട്ടമ്മ വിളിച്ചത്.
പത്ത് രൂപ ഓൺലൈനായി അടക്കണമെന്നും ബാക്കിയുള്ള പണം ഭക്ഷണം എത്തിച്ചതിന് ശേഷം നൽകിയാൽ മതിയെന്നുമായിരുന്നു ഓഫർ.ഇതേ തുടർന്ന് സൈറ്റിലുള്ള ലിങ്കില്‍ പണമടക്കാൻ ശ്രമിച്ചു. ബാങ്ക് വിവരങ്ങൾ നൽകിയതോടെ അൻപതിനായിരം രൂപയോളം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയതായി സവിത ശര്‍മ്മ പറഞ്ഞു.