തിരുവനന്തപുരത്ത് വന്‍ കള്ളനോട്ട് വേട്ട; 5 ലക്ഷം രൂപയുടെ വ്യാജ നോട്ടും യന്ത്രങ്ങളുമായി പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കള്ളനോട്ട് വേട്ട. അഞ്ച് ലക്ഷം രൂപയുടെ കളളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ ( 35 ) എന്നയാളെയാണ് പോലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി ജില്ലയില്‍ വ്യാപകമായ പരിശോധന തുടരുകയാണ്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.യുടെയും വര്‍ക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം വര്‍ക്കല പാപനാശം ബീച്ചില്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസിലെ പ്രത്യക സംഘം നടത്തിയ അന്വേഷണത്തില്‍ ആഷിഖ് തോന്നയ്ക്കല്‍ പിടിയിലായി.

ഇയാള്‍ പോത്തന്‍കോട് കാട്ടായിക്കോണം നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടില്‍ തെളിവെടുപ്പിന് എത്തിയ വര്‍ക്കല പോലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയില്‍പ്പെടുന്നു. 200 ,500 ,2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഈ റാക്കറ്റില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക