ആലപ്പുഴ നഗരസഭയിലെ പ്രതിഷേധ പ്രകടനം; ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിന്‍വലിച്ചു


ആലപ്പുഴ: ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം മറുപടി നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സ്ഥാനം സംബന്ധിച്ച തർക്കങ്ങളെത്തുടർന്നാണ് നഹ്റു ട്രോഫി വാർഡിലെ പ്രവർത്തകർ പരസ്യമായി പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയതായി പാർട്ടി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി പിൻവലിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ചുകൊണ്ടു മാത്രമേ നടപടി എടുക്കാവൂ എന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ നടപടയിലേയ്ക്ക് പോകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ എടുത്ത നടപടിയിൽനിന്ന് പിന്നോട്ടുപോകാൻ ജില്ലാ നേതൃത്വം തയ്യാറായത്.

നെഹ്റു ട്രോഫി വാർഡിൽനിന്നുള്ള കൗൺസിലറും പാർട്ടിയുടെ മുതിർന്ന നേതാവുമായ കെ.കെ. ജയമ്മയെ ചെയർപേഴ്സൺ ആക്കാത്തതിലുള്ള പ്രതിഷേധമാണ് പ്രകടനത്തിലേക്ക് നയിച്ചത്. ഈ വിഷയം ചർച്ചചെയ്ത ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി നേതൃത്വം തീരുമാനം അടിച്ചേൽപ്പിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക