കോവിഡ് വാക്‌സിന്‍ വിതരണത്തിനുശേഷം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും- അമിത് ഷാ


കൊല്‍ക്കത്ത: സി.എ.എ, എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിലുള്ള അമിത്ഷാ, വാര്‍ത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

'സി.എ.എ.നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണവൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താന്‍ കഴിയില്ല. വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ച് കൊറോണവ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യും' അമിത് ഷാ പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി മുതല്‍ സിഎഎ നടപ്പാക്കുമെന്ന് പശ്ചിമംബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ രണ്ടാഴ്ച മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ബംഗാള്‍ സന്ദര്‍ശനത്തിനിടെ തങ്ങളുടെ ദേശീയ അധ്യക്ഷനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചതിനെ അപലപിക്കുന്നുവെന്ന് പറഞ്ഞ അമിത് ഷാ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ഇത്തരം ആക്രമണങ്ങളിലൂടെ ബിജെപിയെ അവസാനിപ്പിക്കാമെന്ന തെറ്റായ ധാരണയിലിരിക്കരുതെന്ന് തൃണമൂല്‍ നേതാക്കള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളില്‍ താവളം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. രാഷ്ട്രീയ അക്രമം ബംഗാളില്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. മുന്നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മരണങ്ങളിലെ അന്വേഷണങ്ങളില്‍ പുരോഗതിയില്ല' അമിത് ഷാ പറഞ്ഞു.

നിങ്ങളെ പരാജയപ്പെടുത്താന്‍ ആരും ഡല്‍ഹിയില്‍ നിന്ന് വരേണ്ടതില്ലെന്ന് ഷാ മമതയോടായി പറഞ്ഞു. 'ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്ത ഒരു രാജ്യം മമത ദീദിക്ക് ആവശ്യമുണ്ടോ? ഇത്തരം യാഥാസ്ഥിതിക ചിന്താഗതി ബംഗാളിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമായി ബംഗാളില്‍ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല' ഷാ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക