പനങ്ങാട്: രാത്രിയിൽ യാത്രക്കാരെ തടഞ്ഞു നിറുത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന അന്തർജില്ലാ സംഘത്തലവൻ ആലപ്പുഴ കുട്ടനാട് എടത്വ ചങ്ങങ്കേരി ലക്ഷം വീട്ടിൽ വി.വിനീത് (22), ഭാര്യ ഷിൻസി (19) എന്നിവർ പിടിയിൽ. സംഘത്തിലെ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബൈക്കുകളും കാറുകളും തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങൾ, ലാപ്ടോപുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവരുന്നത്.
തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിനീത് ഒക്ടോബർ 24ന് ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കിമാറ്റി രക്ഷപ്പെടുകയായിരുന്നു. അമ്പലപ്പുഴ നീർക്കുന്നത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. കവർച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി. ഷിൻസിയെ കൊല്ലം പരിപ്പള്ളി പൊലീസിനു കൈമാറി.
പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോടിപ്ര, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ്. വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകൾ, 2 വാനുകൾ എന്നിവ കവർന്ന കേസുകളിലും ഇവർ പ്രതികളാണ്.