ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോ മോട്ടോകോർപ് തങ്ങളുടെ ആധിപത്യം അതേപടി തുടരുകയാണ് ഇത്തവണയും. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ 2020 നവംബറിൽ 5.76 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.
2019 നവംബറിലെ 5.06 ലക്ഷം യൂണിറ്റിൽ നിന്ന് 13.8 ശതമാനം വളർച്ചയാണ് ഇത്തവണ ഹീറോ സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് കമ്പനിയുടെ വിപണി വിഹിതം ഇന്ത്യയിൽ 35.99 ശതമാനമായി ഉയർത്താനും സഹായിച്ചു.
ആക്ടിവയുടെ കരുത്തിൽ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹോണ്ടയാണ് എത്തിയത്. കഴിഞ്ഞ മാസം വിൽപ്പനയിൽ 105 ശതമാനം വർധനവോടെയാണ് ജാപ്പനീസ് ബ്രാൻഡ് റണ്ണർ-അപ്പായി ഓടിയെത്തിയത്. 2020 നവംബറിൽ കമ്പനി 4.12 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് തങ്ങളുടെ പേരിൽ കുറിച്ചത്.
ഇത് 2019 നവംബറിൽ രേഖപ്പെടുത്തിയ 3.72 ലക്ഷം യൂണിറ്റിൽ നിന്നുള്ള വർധനവുമാണ്. എന്നിരുന്നാലും വിൽപ്പനയിൽ വർധനവുണ്ടായിട്ടും ബ്രാൻഡിന്റെ വിപണി വിഹിതം 26.46 ശതമാനത്തിൽ നിന്ന് 25.78 ശതമാനമായി കുറഞ്ഞത് ഏറെ കൗതുകമുണർത്തുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഇരുചക്ര വാഹന വിൽപ്പന നടത്തുന്ന മൂന്നാമത്തെ കമ്പനിയാണ് ടിവിഎസ്. 2019 നവംബറിലെ 1.91 ലക്ഷം യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം 2.42 ലക്ഷം യൂണിറ്റിന്റെ വൻ വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.
വാർഷിക താരതമ്യത്തിൽ ഇത് 29.6 ശതമാനത്തിന്റെ പുരോഗതിയാണ് തെളിയിക്കുന്നത്. വിൽപ്പന വളർച്ച ടിവിഎസിന് ഇന്ത്യയുടെ വിപണി വിഹിതം 1.93 ശതമാനം ഉയർത്താൻ സഹായിച്ചു. നിലവിൽ 13.55 ശതമാനത്തിൽ നിന്ന് 15.48 ശതമാനമാണ് ടിവിഎസിന്റെ വിഹിതം.
2020 നവംബറിൽ 1.88 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ബജാജ് നാലാം സ്ഥാനത്തെത്തി. 2019 നവംബറിൽ 1.76 ലക്ഷം യൂണിറ്റ് രജിസ്റ്റർ ചെയ്ത വിൽപ്പനയിൽ നിന്നുമുള്ള 6.7 ശതമാനം വർധനവാണിത്. എന്നിരുന്നാലും വിപണി വിഹിതം 0.74 ശതമാനം കുറഞ്ഞ് ഇപ്പോൾ 11.70 ശതമാനമായി.
കഴിഞ്ഞ മാസം 59,084 യൂണിറ്റ് വിൽപ്പനയുമായി റോയൽ എൻഫീൽഡ് ആദ്യ അഞ്ചിൽ ഇടംപിടിച്ചു. 58,292 യൂണിറ്റിലെ വാർഷിക വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1.4 ശതമാനത്തിന്റെ നേരിയ വർധനവാണ്.
അതേസമയം ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ വിപണി വിഹിതം നവംബർ മാസത്തെ അപേക്ഷിച്ച് 4.13 ശതമാനത്തിൽ നിന്ന് 3.69 ശതമാനമായി കുറഞ്ഞു.
2020 നവംബറിൽ യഥാക്രമം 57,429 യൂണിറ്റുകളും 53,208 യൂണിറ്റ് വിൽപ്പനയുമായി സുസുക്കിയും യമഹയും ആറാമത്തെയും ഏഴാമത്തെയും സ്ഥാനത്തെത്തി. സുസുക്കിയുടെ വിൽപനയിൽ 5.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ യമഹ കഴിഞ്ഞ മാസത്തിൽ 35 ശതമാനം വളർച്ച നേടി. രണ്ട് ബ്രാൻഡുകളുടെയും വിപണി വിഹിതം യഥാക്രമം 3.52 ശതമാനവും 3.32 ശതമാനവുമാണ്.
പിയാജിയോ, കവസാക്കി, ട്രയംഫ് എന്നിവ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യയിൽ വെസ്പ, അപ്രീലിയ സ്കൂട്ടറുകൾ വിൽക്കുന്ന പിയാജിയോയിൽ 5,798 യൂണിറ്റ് വിൽപ്പനയാണ് നടന്നത്. കവസാക്കി, ട്രയംഫ് മോട്ടോർസൈക്കിളുകൾ യഥാക്രമം 145, 92 യൂണിറ്റുകൾ മാത്രമാണ് നവംബറിൽ സ്വന്തമാക്കിയത്.