ബെൽത്തങ്ങടിയിൽ വീട്ടുമുറ്റത്ത് നിന്നും തട്ടികൊണ്ടുപോയ വ്യാപാരിയുടെ എട്ടുവയസുകാരൻ മകനെ വിട്ടുനൽകാൻ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 17 കോടിയുടെ ബിറ്റ്കോയിൻ


ബംഗളുരു: ഹാർഡ്‌വെയർ കടയുടമയുടെ മകനായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ നാല് അംഗ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 17 കോടി വിലമതിക്കുന്ന ബിറ്റ്കോയിൻ. മംഗളുരുവിന് സമീപത്തുള്ള ബെൽത്തങ്ങടിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബിറ്റ്കോയിൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കർണാടക പൊലീസ് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോയവർ, മാതാപിതാക്കളുമായി ബന്ധപ്പെട്ടാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. 100 ബിറ്റ്കോയിൻ നൽകിയാൽ കുട്ടിയെ വിട്ടുതരാമെന്നും, അല്ലാത്തപക്ഷം കുട്ടിയെ കൊന്നു കളയുമെന്നും അവർ പറഞ്ഞു. 17 കോടി വില മതിക്കുന്നതാണ് 100 ബിറ്റ്കോയിൻ.

അതേസമയം പിന്നീട് നടത്തിയ ചർച്ചയിൽ മോചനദ്രവ്യം 10 കോടി രൂപയായും, ഒടുവിൽ അത് 25 ലക്ഷം രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഹാർഡ് വെയർ ബിസിനസ് രംഗത്തുള്ള കുട്ടിയുടെ പിതാവ് ബിറ്റ്കോയിൻ നിക്ഷേപകനാണെന്ന് അറിയുന്നവരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

തുറമുഖ നഗരമായ മംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെൽത്തങ്ങടി പട്ടണത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുത്തച്ഛനോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നമ്പർ പ്ലേറ്റ് മറച്ചുവെച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

മോചനദ്രവ്യമായി ബിറ്റ്കോയിൻ നൽകിയാൽ, അത് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു. അതിനാലാണ് അക്രമികൾ ബിറ്റ്കോയിൻ ആവശ്യപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചവർ ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാൽ ഇത് ഉത്തരേന്ത്യക്കാരാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക