കൊല്‍ക്കത്ത: രാജ്യത്ത് മുത്തലാക്ക് നിര്‍ത്തലാക്കിയ പാര്‍ട്ടി തന്റെ ഭര്‍ത്താവിന്റെ വിവാഹമോചനം എന്തു കൊണ്ടു ചോദ്യം ചെയ്യുന്നില്ലെന്ന് ബിജെപിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാവ്.
നാടകീയ രംഗങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി എംപി സൗമിത്ര ഖാനും തൃണമൂലിന്റെ വനിതാ നേതാവായ സുജാതാ മൊണ്ഡല്‍ ഖാനും തമ്മിലുള്ള കുടുംബവിഷയമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സുജാത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സൗമിത്ര ഖാന് ഇവര്‍ക്ക് വിവാഹമോചന നോട്ടീസ് അയയ്ക്കുമെന്ന് പറഞ്ഞിരുന്നു.
എന്താണ് ബിജെപിയില്‍ ആരും ഭര്‍ത്താവിനോട് വിവാഹമോചന തീരുമാനത്തില്‍ നിന്നും പിന്തിരിയാന് പറയാത്തതെന്നും സുജാത ചോദിച്ചു. രാഷ്ട്രീയം ഒരാളുടെ സ്വകാര്യ ജീവിതത്തില്‍ പ്രവേശിച്ചാല്‍ അത് ബന്ധങ്ങളെ മോശമാക്കി മാറ്റും. സൗമിത്ര ബിജെപിയിലെ നീചന്മാരുടെ കൂട്ടുകെട്ടിലാണ്. അവര്‍ അദ്ദേഹത്തെ തനിക്കെതിരാക്കി മാറ്റുന്നു. മുത്തലാക്ക് നിര്‍ത്തലാക്കാന്‍ പ്രയത്നിച്ചവര്‍ ഇപ്പോള്‍ താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ സൗമിത്രയോട് ആവശ്യപ്പെടുകയാണ്.
രണ്ടുപേരുടെയും രാഷ്ട്രീയം ഭിന്നമായതിന് പിന്നാലെ നാലു വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇവര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ചയായിരുന്നു 34 കാരിയായ സുജാത പത്തുവര്‍ഷം പ്രവര്‍ത്തിച്ച ബിജെപിയില്‍ നിന്നും രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് ഭാര്യ വഞ്ചിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന തന്റെ നാമം എടുത്തു മാറ്റണമെന്നും സൗമിത്ര സുജാതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാലു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും വിവാഹമോചനത്തിന് ഹര്‍ജി നല്‍കുമെന്നും സൗമിത്രാ ഖാന് പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന്റെ വിജയത്തിന് സുജാതയുടെ സഹായം വേണ്ടുവോളം ഉണ്ടായിരുന്നു. ക്രിമിനല്‍ കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി തന്റെ മണ്ഡലത്തില്‍ പ്രവേശിക്കുന്നത് സൗമിത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് സുജാതയായിരുന്നു. ഭര്‍ത്താവിന് വേണ്ടി താന്‍ ബലികഴിക്കപ്പെടുകയാണെന്നും അങ്ങിനെ ചെയ്യുമ്പോഴും അംഗീകാരം കിട്ടാതെ അവഗണിക്കപ്പെടുന്നതായും അവര്‍ പറയുന്നു.
ഇക്കാരണത്താലാണ് ബിജെപി വിടുന്നത്. എപ്പോഴാണ് തനിക്ക് വിവാഹമോചന നോട്ടീസ് കിട്ടുന്നതെന്ന് അറിയില്ല. തനിക്ക് വിവാഹമോചന നോട്ടീസ് അയയ്ക്കുമെന്ന് ബിജെപി എംപിയും യുവമോര്‍ച്ചാ പ്രസിഡന്റുമായ ഭര്‍ത്താവിന് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ എങ്ങിനെ തോന്നിയെന്നും അവര്‍ ചോദിച്ചു. താന്‍ ഇപ്പോഴും ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുന്നതായും അവര്‍ പറഞ്ഞു.