കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി. ഉമ്മന്‍ ചാണ്ടിയെ അവര്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഉമ്മന്‍ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും സമയവും വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും ഉറച്ചുനില്‍ക്കുന്നു. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും അവര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു.