ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ പിന്തുണയുമായി കൂടുതൽ പേർ. രാജ്യതലസ്ഥാനത്തെ അതിർത്തി മേഖലകൾ സ്തംഭിപ്പിച്ച് നടക്കുന്ന പ്രതിഷേധങ്ങളിൽ ഏറ്റവും ഒടുവിലായി കർഷകർക്കൊപ്പം അണിചേർന്നിരിക്കുന്നത് ഭീം ആര്‍മി ചീഫ് ചന്ദ്രശേഖർ ആസാദ് ആണ്. ഡൽഹി-ഖസിപുർ അതിർത്തിയിൽ പ്രതിഷേധം തുടരുന്ന നുറുകണക്കിന് ആളുകൾക്കൊപ്പമാണ് പിന്തുണയുമായി ആസാദും ചേർന്നത്.
'തങ്ങളുടെ അവകാശങ്ങൾക്കായാണ് ഈ തണുപ്പത്തും ഇവർ പോരാടുന്നത്. നിയമങ്ങൾ എത്രയും വേഗം പിൻവലിക്കണം. ഈ പോരാട്ടത്തിൽ ഞങ്ങൾ കർഷകർക്കൊപ്പമാണ്. ഞങ്ങളുടെ എല്ലാ പിന്തുണയും നൽകുന്നു' ചന്ദ്രശേഖർ വ്യക്തമാക്കി. സർക്കാർ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് കർഷകർ.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സിംഗു, തികാരി അതിർത്തി മേഖലകളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള കര്‍ഷകർ ഡൽഹി-ഖസീയപുർ അതിര്‍ത്തിയിലാണ് പ്രതിഷേധിക്കാൻ ഒത്തുകൂടിയിരിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്തെ അതിർത്തിയിൽ കർഷകർ പ്രതിഷേധം തുടരുന്നത്.