ചെങ്ങന്നൂർക്കാരുടെ കുടിവെള്ള ദുരിതത്തിന് അറുതിയാകുന്നു; ചെങ്ങന്നൂർ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണത്തിനുള്ള പൈപ്പുകള്‍ എത്തി തുടങ്ങി


ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പതിറ്റാണ്ടുകള്‍ നീണ്ട കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ചെങ്ങന്നൂരില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ ആരംഭിച്ചു.

പമ്പാനദിയില്‍ അങ്ങാടിക്കല്‍ കോലാ മുക്കത്തു നിലവിലുള്ള കിണറില്‍ നിന്ന് പദ്ധതിയ്ക്കാവശ്യമായ ജലം പമ്പ് ചെയ്ത് അങ്ങാടിക്കല്‍ മലയിലെ 15 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ എത്തിക്കുന്നതിനുള്ള വലിയ പൈപ്പുകള്‍ ലോറികളില്‍ എത്തി തുടങ്ങി.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ആദ്യ ഘട്ടമായി കിഫ്ബി വഴി 199.13 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്.
ചെങ്ങന്നൂര്‍ നഗരസഭയ്ക്കും, ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി, ചെറിയനാട് എന്നീ പഞ്ചായത്തുകള്‍ക്കും വേണ്ടിയുളള ഈ പദ്ധതി സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നാണ്.

പ്രതിദിനം 35 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റും 14 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കും മുളക്കുഴ പഞ്ചായത്തിലെ കളരിത്തറയില്‍ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 795 കുതിരശക്തിയാണുള്ളത്.

ചെങ്ങന്നൂര്‍ നഗരസഭ-190, മുളക്കുഴ-200, വെണ്മണി-170, ആല-105 ,പുലിയൂര്‍-70, ബുധനൂര്‍-80, പാണ്ടനാട്-65 എന്ന ക്രമത്തില്‍ ആകെ 1,108 കിലോമീറ്ററിലാണ് വിതരണ ശൃംഖലാ പൈപ്പുകള്‍ സ്ഥാപിക്കുക. എം.സി റോഡില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മൂന്നു മാസത്തിനുള്ളില്‍ എം.സി റോഡില്‍ പൈപ്പുകള്‍ സ്ഥാപിക്കുമെന്നും രണ്ടു വര്‍ഷം കൊണ്ട് കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുമെന്നും സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക