തിരുവനന്തപുരം:നൂറുദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പദ്ധതികള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയില്‍ 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ 799 ഘടകങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ബാക്കിയുള്ള 113 ഘടകങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതില്‍ നല്ല പങ്കും പൂര്‍ത്തിയായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാനോ തുറന്നുകൊടുക്കാനോ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിലവസം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയിൽ ലക്ഷ്യത്തേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനകം വിവിധ വകുപ്പുകളിലായി 91,383 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.