ലവ് ജിഹാദ്; ബജ്റങ്ദൾ പ്രവർത്തകർ വ്യാജ പരാതി നൽകി അറസ്റ്റ് ചെയ്തു ജയിലിലടപ്പിച്ച യുവാവിനെയും സഹോദരനെയും വിട്ടയക്കാൻ കോടതി ഉത്തരവ്


ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെയും സഹോദരനെയും ജയിലിൽനിന്ന് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. സംഭവം ലവ് ജിഹാദ് ആണെന്നതിന് തെളിവൊന്നുമില്ലാത്തതിനാലാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത

അതേസമയം, സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന യുവാവിന്റെ ഭാര്യയുടെ ഗർഭം അലസി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചില കുത്തിവെയ്പ്പുകൾ നൽകിയെന്നും അഭയകേന്ദ്രത്തിലെ പീഡനവും ആശുപത്രിയിലെ അനാസ്ഥയുമാണ് ഗർഭം അലസാൻ കാരണമായതെന്നുമാണ് ആരോപണം.

22-കാരിയായ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്റങ് ദൾ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. നേരത്തെ മതാചാരപ്രകാരം വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെയാണ് പോലീസിൽ പരാതി എത്തിയത്.

തുടർന്ന് യുവാവിനെയും സഹോദരനെയും നിർബന്ധിത മതപരിവർത്തനം തടയൽ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പിന്നീട് സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, 13 ദിവസം ജയിലിൽ അടച്ചിട്ടും യുവാവിനെതിരായ തെളിവുകളൊന്നും പോലീസിന് ലഭിച്ചില്ല. തുടർന്നാണ് ഇവരെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.

ഇതിനിടെയാണ് തന്റെ ഗർഭം അലസിയെന്ന ആരോപണവുമായി 22-കാരിയും രംഗത്തെത്തിയത്. ഗർഭിണിയായിരുന്ന യുവതിയെ കടുത്ത വേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് ഗർഭം അലസിപ്പോയെന്നാണ് യുവതിയുടെ ആരോപണം.

സ്വകാര്യ ലാബിൽ നടത്തിയ സ്കാനിങ്ങിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തിൽനിന്ന് പിന്നീട് യുവതിയെ ഭർത്താവിന്റെ വീട്ടിലേക്ക് വിട്ടയച്ചെങ്കിലും ആശുപത്രി രേഖകൾ കൈമാറിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

'ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ട് പോലും ഭർത്താവുമായി സംസാരിക്കാൻ ആരും അനുവദിച്ചില്ല. ഭർത്താവിനെ വിട്ടയക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പ്രണയിക്കുന്നവർക്ക് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ അർഥം എന്താണ്?'- യുവതി ചോദിച്ചു.

അതേസമയം, യുവതിയുടെ ആരോപണം ജില്ലാ ആശുപത്രി അധികൃതർ നിഷേധിച്ചു. സ്വകാര്യ ലാബിലെ സ്കാനിങ് റിപ്പോർട്ടിൽ സംശയമുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നുമായിരുന്നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. അതിനിടെ, കോടതി ഉത്തരവിട്ടിട്ടും യുവാവിനെയും സഹോദരനെയും ഇതുവരെ ജയിലിൽനിന്ന് വിട്ടയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കോടതി ഉത്തരവ് ജയിലിൽ എത്താത്തതാണ് കാലതാമസത്തിന് കാരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക