ഭീതി വേണ്ട, ജാഗ്രത മതി; ജനിത മാറ്റം സംഭവിച്ച ബ്രിട്ടനിലെ പുതിയ കോവിഡ് വൈറസിന്റെ സാനിദ്ധ്യം ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന്- കേന്ദ്രം


ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ അറിയിച്ചു. പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

പുതിയ വൈറസ് വകഭേദ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് യുകെയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. ഏകദേശം 25ഓളം രാജ്യങ്ങളാണ് യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായ നിരോധനം ഏര്‍പ്പെടുത്തിയത്.

ഡിസംബര്‍ 23വരെ ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാന്‍ മാര്‍ഗനിര്‍ദേശമായി. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി. യുകെയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കായാണ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍) പുറപ്പെടുവിച്ചത്.

നന്നായി പടരുന്നതാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദമെന്നും അത് ചെറുപ്രായക്കാരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്തെത്തുന്നവര്‍ ചുവടെകൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം

ഇംഗ്ലണ്ടില്‍ നിന്നു വന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം.
ഇവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം.അതാത് സംസ്ഥാന സര്‍ക്കാരുകള്‍ വേണം ഇത് നടപ്പാക്കാന്‍.
പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കണം. അതിനായി പുനെ വൈറോളഝി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണയക്കേണ്ടത്. ലണ്ടനിലെ വകഭേദം സംഭവിച്ച വൈറസ് സാമ്പിളാണോ എന്ന് മനസ്സിലാക്കുന്നതിനാണത്.
പുതിയ വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇവരെ പ്രവേശിപ്പിക്കും.
പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക