'തകർക്കാൻ കഴിയാത്ത അടിത്തറ, അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്'; തിരഞ്ഞെടുപ്പ് വിജയത്തിൽ സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച്- നടന്‍ ദേവന്‍


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിച്ച് കേരള പീപ്പിൾസ് പാർട്ടി അധ്യക്ഷനും നടനുമായ ദേവന്‍. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവർത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും പൊളിക്കാൻ കഴിയാത്ത അടിത്തറ അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയരഹസ്യമെന്നും ദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഈ വിജയത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും അഭിനന്ദിക്കുന്നതായും അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരികാതിരിക്കാൻ കഴിയില്ലെന്നും ദേവന്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്നും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നുമാണ് കേരള പീപ്പീള്‍സ് പാര്‍ട്ടിയുടെ പ്രഖ്യാപന വേളയില്‍ ദേവന്‍ പറഞ്ഞത്. പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തെന്നും ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായെന്നും ദേവൻ പറഞ്ഞു.

ഇതിന് മുമ്പ് പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ച് നടന്‍ ദേവന്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി നേതാവായിട്ടില്ല, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് മോദിയെ താന്‍ കാണുന്നതെന്നും ഇന്ത്യ കണ്ട ഏറ്റവും നല്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് മോദിയെന്നുമായിരുന്നു ദേവന്‍ പറഞ്ഞത്. പിണറായി വിജയനോട് തനിക്ക് ഒരു താത്പര്യമില്ലെന്നും അദ്ദേഹം ഒരു പരാജയമാണെന്നും ദേവന്‍ കൂട്ടിചേര്‍ത്തു.

നടന്‍ ദേവന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങിനെ:

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ...

ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്... കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവർത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്...

പൊളിക്കാൻ കഴിയാത്ത അടിത്തറ അഴിക്കാൻ കഴിയാത്ത കെട്ടുറപ്പ്, ചോർന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ വിജയരഹസ്യം... ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പാഠമാക്കേണ്ടതുമാണ്...

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാൻ എനിക്ക് കഴിയില്ല... ഈ വിജയത്തിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാൻ അഭിനന്ദിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും...

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക