ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല എം പിയുടെ 11.86 കോടി മൂല്യം വരുന്ന സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് (ജെ കെ സി എ) ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
2002- 2011 കാലയളവില്‍ 43.69 കോടിയുടെ ക്രമക്കേട് നടത്തിയതിന് ഫാറൂഖ് അബ്ദുല്ലക്കെതിരെ 2018ല്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇ ഡിയും രംഗത്തുവന്നത്. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
രണ്ട് പാര്‍പ്പിട കെട്ടിടം, ഒരു വാണിജ്യ കെട്ടിടം, മൂന്ന് പ്ലോട്ടുകള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഇവയുടെ വിപണി മൂല്യം 60- 70 കോടി വരും. ഈ കേസുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുല്ലയെ രണ്ട് തവണ ഒക്ടോബറില്‍ ചോദ്യം ചെയ്തിരുന്നു.