തിരുവനന്തപുരം: പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോര്പ്പറേഷന് ഹാളില്‍ ജയ് ശ്രീരാം വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാന വേളയിലെത്തിയപ്പോഴാണ് ജയ് ശ്രീരാം വിളി ഉയര്‍ന്നത്.
സത്യപ്രതിജ്ഞാ വേളയില്‍ അംഗങ്ങള്‍ വന്ദേമാതരം, ഭാരത് മാതാ കി ജയ്, വിപ്ലവാഭിവാദ്യങ്ങള്‍, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്. മാത്രമല്ല ദൈവനാമത്തില്‍ സത്യപ്രതിജ്ഞ എന്നതിന് പകരം മത സംജ്ഞകള്‍ നിറഞ്ഞ സത്യപ്രതിജ്ഞകളും കോര്‍പ്പറേഷനില്‍ മുഴങ്ങി.
സത്യപ്രതിജ്ഞാ വേളയില്‍ മുഴവനും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും മത്സരിച്ച്് പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുഴക്കിയത്. പാലക്കാട് നഗരസഭയില്‍ ജയ് ശ്രീ രാം വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഇതിന്റെ ആവര്‍ത്തനം.
കോവിഡ് ബാധിതനായ കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജയചന്ദ്രന് നായര്‍ പിപിഇ കിറ്റ് ധരിച്ചെത്തി സത്യപ്രതിജ്ഞ ചെയ്തു. കരമന വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും കൗതുകമായി. 28 നാണ് കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.