യുപിയിൽ മാധ്യമപ്രവര്‍ത്തകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; മരണം കൊലപാതകം, ഗ്രാമ മുഖ്യന്റെയും മകന്റെയും അഴിമതി വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി കൊന്നെന്ന് പിടിയിലായ പ്രതികൾ


ലക്‌നൗ: യുപിയിൽ മാധ്യമപ്രവര്‍ത്തകന്‍റെയും സുഹൃത്തിനെയും അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഗ്രാമമുഖ്യന്‍റെ മകനടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്‍.

ലക്‌നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്‍ത്തകന്‍ 37 കാരനായ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് 34കാരന്‍ പിന്‍റു സാഹുവുമാണ് കൊല്ലപ്പെട്ടത്. രാകേഷ് സിങിന്‍റെ നിര്‍ഭിക്കിന്‍റെ ബല്‍റാംപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തുന്നത്. പിന്‍റു സാഹു ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് തന്നെ മരിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ലക്‌നൗ ആശുപത്രിയില്‍ വച്ചാണ് രാകേഷ് സിങ് നിര്‍ഭിക്ക് മരിച്ചത്.

ഗ്രാമമുഖ്യന്‍റെയും മകന്‍റെയും അഴിമതിയെ കുറിച്ച് താന്‍ സ്ഥിരമായി വാര്‍ത്ത നല്‍കിയിരുന്നുവെന്നും സത്യം പറഞ്ഞതിന് തനിക്ക് കിട്ടിയ സമ്മാനമാണ് ഇതെന്നും ആശുപത്രി അധികൃതരോട് മരണത്തിന് തൊട്ടുമുന്‍പ് രാകേഷ് സിഭ് നിര്‍ഭിക്ക് പറഞ്ഞിരുന്നു. 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുറത്തുവന്നതാണ് കേസിന് വഴിത്തിരിവായത്.

കൊലപാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമമുഖ്യന്‍റെ മകനായ റിങ്കു മിശ്രയാണ് കേസിലെ പ്രധാന പ്രതി. ലളിത് മിശ്ര, അക്രം അലി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. അക്രം അലി ഇത്തരം കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാന്‍ വിദഗ്ധനായതിനാല്‍ റിങ്കു മിശ്ര അക്രം അലിയുടെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹാന്‍ഡ് സാനിറ്റൈസര്‍ ഇരുവരുടെയും ദേഹത്ത് ഒഴിച്ച ശേഷം അക്രമി സംഘം തീകൊളുത്തുകയായിരുന്നു. അപകട മരണമാക്കാനായിരുന്നു പ്രതികള്‍ ശ്രമമെന്നും പൊലീസ് പറഞ്ഞു.

നിര്‍ഭിക്കിന്‍റെ മാധ്യമപ്രവര്‍ത്തനത്തിന് പുറമെ സാഹുവും മിശ്രയുമായുള്ള പണമിടപാട് തര്‍ക്കങ്ങളും കൊലപാതകത്തിന് കാരണമായതായി പൊലീസ് പറയുന്നു. ധീരനായ മാധ്യമപ്രവര്‍ത്തകനായിരുന്നു നിര്‍ഭിക്ക് എന്ന് പറഞ്ഞ പൊലീസ് ഗ്രാമ മുഖ്യനെതിരെയുള്ള മാധ്യമപ്രവര്‍ത്തകന്‍റെ മരണമൊഴി നിര്‍ണായകമായതായും വ്യക്തമാക്കി.

ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് മൂന്ന് പ്രതികളും രാകേഷിന്‍റെ വീട്ടിലെത്തിയത്. സുഹൃത്ത് പിന്‍റുവും ഈ സമയം വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇവര്‍ക്കൊപ്പം മദ്യപിച്ചു. ഇതിനുപിന്നാലെയാണ് രാകേഷിനെയും സുഹൃത്തിനെയും മുറിയില്‍ പൂട്ടിയിട്ട് വീടിന് തീകൊളുത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ചാണ് പ്രതികള്‍ വീടിന് തീകൊളുത്തിയതെന്നും സംഭവത്തിന് ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക