വ്യാജവാര്‍ത്ത; ചന്ദ്രിക ദിനപ്പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍


കോഴിക്കോട്: തന്റെ പേരില്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികക്കെതിരെ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താണമെന്നും യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തെന്നായിരുന്നു വാര്‍ത്ത.

എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. തിരുത്ത് നല്‍കാന്‍ ചന്ദ്രികയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ അറിയിച്ചു.
റിബല്‍ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തെന്ന ചന്ദ്രിക വാര്‍ത്തയില്‍ ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയെ വിജയിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്. ഇതിനെതിരെയാണ് ജിഫ്രി തങ്ങള്‍ രംഗത്തെത്തിയത്.

"വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഒരു സ്വകാര്യ ചടങ്ങില്‍ നടന്ന സംഭാഷണം തെറ്റായി വാര്‍ത്തയാക്കുകയാണ് ചെയ്ത്. ഏതെങ്കിലും മുന്നണികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സമസ്തയുടെ രാഷ്ട്രീയ നയത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. വാര്‍ത്ത തിരുത്താന്‍ ചന്ദ്രിക അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്"- തങ്ങള്‍ വ്യക്തമാക്കി.

ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജിഫ്രി തങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കോഴിക്കോട് നാദാപുരത്തെ വീട്ടില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ തന്നെ കാണാന്‍ വന്നിരുന്നു. ഇവര്‍ക്ക് വിജയാശംസ നല്‍കുക മാത്രമാണ് ചെയ്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും തന്നെ കാണാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയതിലുള്ള പ്രതിഷേധം സമസ്ത നേരത്തെ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാന്‍ ലീഗ് സമ്മര്‍ദമുണ്ടെങ്കിലും സമസ്ത നേതാക്കള്‍ ഇതുവരെ വഴങ്ങിയിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക