എംഎൻഎം അധികാരത്തില്‍ വന്നാല്‍ വീട്ടമ്മമാർക്ക് ശമ്പളം നൽകും, വീടുകളിൽ അതിവേഗ ഇന്റർനെറ്റ്; വമ്പൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി- കമല്‍ഹാസന്‍


കാഞ്ചീപുരം: തമിഴ്‌നാട്ടില്‍ മക്കള്‍നീതി മയ്യം (എംഎന്‍എം) അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍. 20121 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും അദ്ദേഹം പുറത്തിറക്കിയ ഭരണ - സാമ്പത്തിക അജണ്ട വാഗ്ദാനം നല്‍കുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാഗ്ദാനം.

വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ വീട്ടമ്മമാരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് ഭരണ - സാമ്പത്തിക അജണ്ടയില്‍ പറയുന്നു. അടുത്തിടെ എംഎന്‍എമ്മില്‍ ചേര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് കാഞ്ചീപുരത്തുവച്ച് കമല്‍ ഹാസന്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്. വീട്ടമ്മമാര്‍ക്ക് പ്രതിഫലം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു.

അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും. ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എംഎന്‍എമ്മും ഡിഎംകെയും എഐഎഡിഎംകെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം എന്നിവ ഉറപ്പാക്കി സ്ത്രീ ശാക്തീകരണം നടപ്പാക്കുമെന്ന് മക്കള്‍ നീതി മയ്യം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവസരം ഉറപ്പാക്കും.

ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് എല്ലാ വീടുകളിലും ലഭ്യമാക്കിയാവും 'ഓണ്‍ലൈന്‍ ഹോംസ്' എന്ന പദ്ധതി നടപ്പാക്കുക. ഭാരത്‌നെറ്റ്, തമിഴ്‌നെറ്റ് എന്നീ പദ്ധതികള്‍ ഇതിന് കരുത്ത് പകരും. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും. ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുന്നതോടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ സംവിധാനമുണ്ടാക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കും. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കും. നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന അവസരങ്ങള്‍ ഗ്രാമീണ മേഖലകളിലും ലഭ്യമാക്കുമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അണ്ണാദുരൈ സ്മാരകം സന്ദര്‍ശിച്ച അദ്ദേഹം കാഞ്ചീപുരത്തെ നെയ്ത്തുകാരുമായി ആശയവിനിമയം നടത്തിയശേഷമാണ് വാദ്ഗാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക