കണ്ണൂർ: തൊട്ടട ബീച്ചിനടുത്ത് അഴിയിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആദികടലായി ഫാത്തിമാസിലില് ഷറഫുദ്ദീന്റെ മകന് മുഹമ്മദ് ഷറഫ് ഫാസില്‍ (16), ആദികടലായി ബൈത്തുല്‍ ഹംദില്‍ ബഷീറിന്റെ മകന് മുഹമ്മദ് റിനാദ് (14) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുനേരം നാലരയോടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് കടലിലേക്ക് വെള്ളം ഒഴുകുന്ന അഴിയിൽ നീന്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു.
ആറു കുട്ടികൾ അടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരം ബീച്ചിൽ എത്തിയത്. ബണ്ട് മുറിച്ചു മാറ്റിയിരുന്നതിനാൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വെള്ളത്തിൽ ഇറങ്ങിയ കുട്ടികൾ പെട്ടെന്ന്
ഒലിച്ചു പോകുകയായിരുന്നു.
മറ്റുകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. തോണിക്കാർ സമീപപ്രദേശങ്ങളിൽ പെട്ടെന്നുതന്നെ തിരച്ചിൽ ആരംഭിച്ചു. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. സംയുക്തമായി തിരച്ചിൽ ഇന്നലെ രാത്രി വൈകിയും നടന്നെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
മരിച്ച മുഹമ്മദ് ഷറഫ് ഫാസിലും മുഹമ്മദ് റിനാദും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്. ഷറഫ് ഫാസില്‍ തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും റിനാദ് കടമ്പൂര് ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥിയാണ്.