കൊച്ചി: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി ഭര്‍ത്താവ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് സ്വദേശികളായ സുനീഷ്(30), അജീഷ്(35), മുളവുകാട് സ്വദേശി സുല്‍ഫി(36), ഇടുക്കി സ്വദേശി നിധിന് കുമാര്‍(30) എന്നിവരാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തെ ഹോമിയോ ആശുപത്രിയിലെ ജീവനക്കാരനെ കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍.
ക്വട്ടേഷന്‍ നൽകിയ ആളുടെ ഭാര്യയും യുവാവും തമ്മിലുള്ള സൗഹൃദം, ഇയാൾ വിലക്കിയിരുന്നു. എന്നിട്ടും ഇരുവരും ഫോൺ വിളി തുടരുകയും, യുവാവ്, യുവതിയുമൊരുമിച്ചുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനും തുടങ്ങിയതോടെയാണ്, ക്വട്ടേഷന്‍ നൽകിയത്.
1.5 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. 18ന് രാവിലെയാണ് ഇയാള്‍ക്ക് നേരെ സംഘം ആക്രമണം നടത്തിയത്. നെഞ്ചിലും വയറ്റിലുമായി ഇയാള്‍ക്ക് നാല് കുത്തേറ്റു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയാണ് ഇവരെ പിടികൂടിയത്