എസ്.എന്‍.ഡി.പി. നേതാവ് കെ.കെ. മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും മകൻ തുഷാറിനുമെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം


ആലപ്പുഴ: എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരന്ന കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശന്‍, സഹായി കെ.എല്‍. അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

ജൂണ്‍ 20നാണ് കെ.കെ. മഹേശന്‍ കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ചത്. ഇതിനേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും സഹായി അശോകനെതിരേയും രംഗത്തുവന്നിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരന്നു.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് മഹേശന്റെ കുടുംബം പലവട്ടം സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബം ആലപ്പുഴ ജുഷീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശന്‍, കെ.എല്‍. അശോകന്‍, തുഷാര്‍ വെളളാപ്പള്ളി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മാരാരിക്കുളം പോലീസിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക