മാളിൽ വെച്ച് നടിയെ അപമാനിച്ച കേസ്; കീഴടങ്ങും മുൻപേ പ്രതികളെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു: കുടുംബങ്ങളെ ഓർത്ത് മാപ്പു നൽകിയെന്ന് നടി


മലപ്പുറം: കൊച്ചിയിലെ മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ, കീഴടങ്ങാൻ എത്തുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു. മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദിൽ(24), കരിമല ചെണ്ണേൻകുന്നൻ റംഷാദ്(24) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തു നിന്നു കളമശേരി സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ കുസാറ്റ് ജംക്‌ഷനിൽ വച്ച് ഞായറാഴ്ച രാത്രി 8.50നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തങ്ങൾ നിരപരാധികളാണെന്നും നടിയോട് മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞുള്ള പ്രതികളുടെ വിഡിയോ സന്ദേശം ഇന്നലെ രാവിലെ ഇവർ മാധ്യമങ്ങൾക്കു കൈമാറിയിരുന്നു. പൊലീസിനു മുന്നിലെത്തി കീഴടങ്ങാൻ തയാറാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ യുവാക്കളോട് ക്ഷമിച്ചിരിക്കുന്നതായി നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, കേസ് രേഖാമൂലം പിൻവലിച്ചില്ലെങ്കിൽ നടപടികളുമായി മുന്നോട്ടു പോകുമെന്നാണു പൊലീസ് നിലപാട്.

ഇന്നലെ ഉച്ചയോടെ കളമശേരി ഇൻസ്പെക്ടറും സംഘവും കടന്നമണ്ണയിലെ ആദിലിന്റെ വീട്ടിലെത്തിയിരുന്നു. കരിമലയിലെ റംഷാദിന്റെ വീട്ടിൽ മങ്കട സിഐയുടെ നേതൃത്വത്തിലും പൊലീസെത്തി.
നടിയെ മനപൂർവം അപമാനിക്കുകയോ പിന്തുടരുകയോ ചെയ്തില്ലെന്നാണു വിഡിയോ സന്ദേശത്തിൽ പ്രതികൾ പറയുന്നത്.

റംഷാദിന്റെ പിതാവിന്റെ പേരിലുള്ള കാറിന്റെ എസി തകരാർ തീർക്കുന്നതിനു തൃശൂരിലെ വർക്‌ഷോപ്പിലെത്തി വാഹനം ഏൽപിച്ച ശേഷമാണു ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ കൊച്ചിയിലേക്കു പോയതെന്നും ഇവർ പറയുന്നു. അഭിമുഖത്തിനു ശേഷം മടക്ക ട്രെയിനിന്റെ സമയം ആകുന്നതുവരെ മാളിൽ ചെലവഴിക്കുകയായിരുന്നെന്നും ഇവർ പറയുന്നു.

‘ദുരുദ്ദേശ്യത്തോടെയല്ല മാളിലെത്തിയത്. അവിടെ വച്ചു നടിയെ കാണുകയും അടുത്തു പോയി സംസാരിക്കുകയും ചെയ്തു. നടിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മറ്റൊരു കുടുംബം നടിയോടൊപ്പം സെൽഫി എടുക്കുന്നതു കണ്ടാണ് അടുത്തു ചെന്നു സംസാരിച്ചത്. തിരക്കിനിടെ നടിയെ അബദ്ധത്തിൽ സ്പർശിച്ചോ എന്ന കാര്യം അറിയില്ല. എന്തെങ്കിലും തരത്തിൽ മോശം പെരുമാറ്റം തങ്ങളിൽ നിന്നുണ്ടായിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ തയാറാണ്’ – വിഡിയോ സന്ദേശത്തിൽ പറയുന്നു.യുവാക്കൾ ഇരുവരും ഓട്ടമൊബീൽ കോഴ്സ് കഴിഞ്ഞ ശേഷം ജോലി അന്വേഷണത്തിലാണ്. രണ്ടു പേർക്കും ക്രിമിനൽ പശ്ചാത്തലമോ മറ്റു കേസുകളോ ഇല്ലെന്നു മങ്കട പൊലീസ് പറയുന്നു.

വ്യാഴാഴ്ച കുടുംബത്തോടൊപ്പം മാളിൽ ഷോപ്പിങ്ങിനെത്തിയപ്പോൾ ആൾത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികൾ മനപൂർവം തന്റെ ശരീരത്തു സ്പർശിക്കുകയും പിന്തുടരുകയും ചെയ്തെന്നു നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെത്തുടർന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

1 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക