ബാങ്കോക്ക്: തായ്ലൻഡിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോർ ബൈക്ക് ഇടിച്ച പരിക്കേറ്റ കുട്ടിയാനയ്ക്ക് സിപിആർ നൽകി രക്ഷിക്കുന്ന ചിത്രം വൈറലാകുന്നു. സിപിആർ നൽകിയതോടെ മരണാസന്നയായിരുന്ന കുട്ടിയാന ജീവിതത്തിലേക്ക് മടങ്ങിയെത്തി. സന്നദ്ധ രക്ഷാപ്രവർത്തകനായ മന ശ്രീവേറ്റാണ് ആനയ്ക്ക് സിപിആർ നൽകിയത്. തന്റെ ജീവിതത്തിൽ മുമ്പ് 12ഓളം തവണ സിപിആർ നൽകി മനുഷ്യരെ രക്ഷിച്ചിട്ടുണ്ടെങ്കിലും, ഒരു ആനയ്ക്ക് ഇത് നൽകുന്നത് ആദ്യമാണ് ശ്രീവേറ്റ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഓൺലൈനിൽ വൈറലായ വീഡിയോയിൽ,റോഡിന് നടുവിൽ കിടക്കുന്ന ആനയുടെ അരികിൽ ഇരുന്നുകൊണ്ട് ശ്രീവേറ്റ് രണ്ട് കൈകൊണ്ട് സിപിആർ നൽകുന്നത് കാണാം. 10 മിനിറ്റിനു ശേഷം ആന എഴുന്നേറ്റു നിന്നു. കിഴക്കൻ തായ് പ്രവിശ്യയായ ചന്തബൂരിയിൽ ഒരു കൂട്ടം കാട്ടാനകൾക്കൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് കുട്ടിയാനയെ ബൈക്കിടിച്ചത്.
ഗുരുതരമായ പരിക്കുകളില്ലാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മോട്ടോർ സൈക്കിൾ യാത്രികനും മനയും സഹപ്രവർത്തകരും ചേർന്നാണ് ആനയ്ക്ക് ചികിത്സ നൽകുന്നത്. 26 വർഷമായി സന്നദ്ധ രക്ഷാപ്രവർത്തകനായി മന, റോഡ് യാത്രയിൽ ഡ്യൂട്ടിയിലായിരിക്കെ ഞായറാഴ്ച വൈകിട്ടാണ് അപകടസ്ഥലത്തെത്തിയതെന്ന് റോയിട്ടേഴ്സിനോട് പറഞ്ഞു.
“ജീവൻ രക്ഷിക്കുകയെന്നത് എന്റെ സഹജവാസനയാണ്, പക്ഷേ അമ്മയും മറ്റ് ആനകളും കുട്ടിയാനയെ തേടി ചിന്നം വിളിക്കുന്നത് എനിക്ക് കേൾക്കാനാകുമെന്നതിനാൽ വലിയ ടെൻഷനോടെയാണ് ഞങ്ങൾ ആ സ്ഥലത്ത് നിന്നത്,” മന ഫോണിലൂടെ ഏജൻസിയോട് പറഞ്ഞു. സിപിആർ ലഭിച്ച ആന ഏകദേശം 10 മിനിറ്റിനു ശേഷം എഴുന്നേറ്റു ചികിത്സയ്ക്കായി മറ്റൊരു സൈറ്റിലേക്ക് കൊണ്ടുപോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പിന്നീട് കുട്ടിയാനയെ അപകടം നടന്ന സ്ഥലത്തു തിരിച്ചുകൊണ്ടുവിട്ടു.
കുട്ടിയാനയുടെ ചിന്നംവിളി കേട്ട് മറ്റ് ആനകൾ മടങ്ങിയെത്തി, അതിനെ കൂട്ടിക്കൊണ്ടുപോയി. കാർഡിയോപൾമോണറി പുനർ-ഉത്തേജനത്തിലൂടെ ആനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് മന റോയിട്ടേഴ്സിനോട് പറഞ്ഞു.