മുംബൈ: ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് മുസ്ലിം പള്ളികളിൽ നിരോധിക്കണമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ 'സാമ്ന'യിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും മുഖപ്രസംഗത്തിൽ 'സാമ്ന' പറയുന്നു.
ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും സാമ്ന ആവശ്യപ്പെടുന്നു.
മുസ്ലീം കുട്ടികൾക്കായി 'ആസാൻ' പാരായണ മത്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗ് പ്രമുഖ് (ഡിവിഷൻ ഹെഡ്) പാണ്ഡുരംഗ് സക്പാൽ കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. സക്പാലിനെതിരെ ബി ജെ പി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനവുമായി സാമ്ന രംഗത്തെത്തിയിരിക്കുന്നത്.
സേനാ നേതാവ് ആസാനെ പ്രശംസിച്ചതിന് എതിരെയുള്ള ബിജെപിയുടെ വിമർശനം ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം നടത്തുന്ന (പുതിയ കാർഷിക നിയമങ്ങൾക്കെതിരെ) കർഷകരെ പാകിസ്ഥാൻ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുന്നതിന് സമാനമാണെന്നും സാമ്ന എഡിറ്റോറിയൽ പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കർഷകരിൽ ഭൂരിഭാഗവും മുൻ സൈനികരോ അല്ലെങ്കിൽ അവരുടെ കുട്ടികൾ ഇപ്പോൾ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നവരോ ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
'കർഷകരെ തീവ്രവാദികൾ എന്ന് വിളിക്കുന്ന ഈ ആളുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ട്രോളുകൾ പറയുന്നു, എന്നാൽ ബിജെപി നേതാക്കൾ ഈദ് വിഭവങ്ങൾ കഴിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്,' - മറാത്തി പ്രസിദ്ധീകരണം പറഞ്ഞു.
രാജ്യത്തെ 22 കോടി മുസ്ലിങ്ങൾ ഇന്ത്യൻ പൗരന്മാരായതിനാൽ ഇത് രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മുഖപ്രസംഗത്തിൽ സാമ്ന വ്യക്തമാക്കുന്നു. പശു കശാപ്പിനെതിരെ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ വിൽപ്പന, വാങ്ങൽ, ഉപഭോഗം എന്നിവ നിയമപരമാണ്. ഇത് വോട്ടുകൾക്ക് വേണ്ടിയല്ലാതെ വേറെ എന്താണെന്നും സാമ്ന ചോദിക്കുന്നു.
സേന നേതാവ് സക്പാലിനെ ന്യായീകരിച്ചു കൊണ്ട്, ഒരു മുസ്ലീം ഫൗണ്ടേഷനോടാണ് ആളുകൾ പുറത്ത് ഒത്തുകൂടാത്ത ഓൺലൈൻ 'ആസാൻ' മത്സരം നടത്താൻ നിർദ്ദേശിച്ചതെന്നും വീട്ടിൽ നിന്ന് ആചാരങ്ങളും ഉത്സവങ്ങളും ഡിജിറ്റലായി ആഘോഷിക്കണമെന്നും മുഖപ്രസംഗത്തിൽ നിർദ്ദേശിച്ചു.