തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ തെളിവുണ്ടെന്നും, ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടെന്ന വിവരം ശിവശങ്കര്‍ മറച്ചുവച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതര അസുഖമുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നില്ല. ആരോഗ്യകാരണം പറഞ്ഞ് ഇതുവരെ ഒരു അവധിപോലും എടുത്തിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ട്. പ്രതിക്കെതിരേ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ട്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.