വാഗമൺ റിസോർട്ടിലെ നിശാപാര്‍ട്ടി; മുറി എടുത്തത് പിറന്നാളാഘോഷത്തിനെന്ന് പറഞ്ഞാണെന്ന് റിസോര്‍ട്ട് ഉടമ: പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം


ഇടുക്കി: പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. രാത്രി 8 മണിക്ക് മുമ്പ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ ഷാജി പറയുന്നു.

അതേസമയം, ലഹരിമരുന്ന് പാര്‍ട്ടിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് റിസോര്‍ട്ട് ഉടമ കൂടിയായ സി.പി.ഐ നേതാവ് ഷാജി കുറ്റിക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ബര്‍ത്തഡേ പാര്‍ട്ടിക്ക് എന്നു പറഞ്ഞാണ് എറണാകുളം സ്വദേശി ഏണസ്റ്റ് മൂന്ന് മുറികള്‍ ബുക്ക് ചെയ്തത്. ഓണ്‍ലൈനിലായിരുന്നു ബുക്കിംഗ്. നാല് പേര്‍ക്ക് താമസിക്കാവുന്നതാണ് ഒരു മുറി. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ എതിര്‍പ്പറിയിച്ചു. ഇതേ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. രാത്രി എട്ടു മണിയോടെ പാര്‍ട്ടി അവസാനിപ്പിച്ച് മടങ്ങാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഷാജി കുറ്റിക്കാട്ട് പറയുന്നു.

ഏലപ്പാറ മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് ഷാജി കുറ്റിക്കാട്ട്. ലഹരി മരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പ്രതികരിച്ചു. സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഷാജി കുറ്റിക്കാട്ട്.

സംഘം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തിയിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. കഞ്ചാവ്, എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഇന്നലത്തെ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. നിശാപാര്‍ട്ടി സംഘടിപ്പിച്ചത് ഒമ്പത് പേരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാണ് ആളെക്കൂട്ടിയത്. പിടിയിലായ അറുപതുപേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയത്. പ്രാദേശിക നേതാവ് ഒളിവിലാണെന്നും വിവരമുണ്ട്.

പോലീസ് നര്‍ക്കോര്‍ട്ടിക്സ് വിഭാഗം വിവിധ സ്റ്റേഷനുകളിലെ പോലീസിനെ ഏകോപിപ്പിച്ചായിരുന്നു റെയ്ഡ് നടത്തിയത്. പിടിയിലായ 60 പേരില്‍ 25 പേര്‍ സ്ത്രീകളാണ്. പിടിയിലായവരില്‍ ഒരു സംവിധായകനും ഉണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ലഹരിയിടപാടു നടക്കുന്നതായി പോലീസിന് അറിവു കിട്ടിയിരുന്നു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയത്. മുമ്പും ഇവിടെ സമാന രീതിയില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക