ബെംഗളൂരു: മരണശേഷം തന്റെ സമ്പത്തും മൃതദേഹവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. ഹിന്ദുത്വം സംരക്ഷിക്കാൻ എന്തും ചെയ്യുമെന്നും താൻ മരിക്കുമ്പോള്‍ മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തിൽ സംസ്കരിക്കണമെന്നും തന്റെ സ്വത്ത് വകകൾ ഇന്ത്യയ്ക്ക് നൽകണമെന്നും നിത്യാനന്ദ പുതിയ വിഡിയോയിൽ പറയുന്നു. ഹിന്ദു–ഇന്ത്യാ വിരുദ്ധ ശക്തികൾ തന്നെ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും വിഡിയോയിൽ പറയുന്നു.
നേരത്ത, സാങ്കൽപിക രാഷ്ട്രമായ ‘കൈലാസ’ത്തിൽ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേർക്ക് വീസ നൽകുമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. ഓസ്ട്രേലിയയില്‍ എത്തിയശേഷം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി ദ്വീപിലേക്ക് എത്താനാണ് നിർദേശിച്ചിരുന്നത്. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം.
‘നിത്യാനന്ദ ധ്യാനപീഠം’ എന്ന പേരിൽ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃതമായി തടവിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്ന് പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ൽ നേപ്പാൾ വഴി ഇക്വഡോറിലേക്ക് കടന്നത്. ഇന്റർപോളിന്റെ ബ്ലൂ കോർണർ നോട്ടിസ് നിലവിലുണ്ട്.