ചെന്നൈ: റേഷൻ കാർഡുള്ള എല്ലാവർക്കും പൊങ്കലിന് 2500 രൂപ വീതം വിതരണം ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ശനിയാഴ്ചയായിരുന്നു പൊങ്കലിന്റെ ഭാഗമായി എല്ലാവർക്കും 2500 രൂപ സമ്മാനമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞത്. ജനുവരി നാല് മുതൽ തുക വിതരണം ചെയ്ത് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. റേഷൻ കാർഡ് വഴി പഞ്ചസാര വാങ്ങാൻ സാധിക്കുന്നവർക്ക് അരിയിലേക്ക് മാറാമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ജനുവരി 14ന് നടക്കുന്ന പൊങ്കലിന് ഏകദേശം രണ്ടര കോടിയോളം പേർക്ക് 2500 രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നൽകിയതിൽ നിന്ന് 1500 രൂപ കൂടുതലാണ് ഈ വർഷം. തമിഴ്നാട്ടില് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ എടപ്പാടിയിൽ പ്രചരണം ആരംഭിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.