കൊച്ചി: വര്‍ഗീയത എസ്ഡിപിഐ ആയാലും ആര്‍എസ്എസ് ആയാലും അവര്‍ക്ക് നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി കലൂരില്‍ അഭിമന്യൂ സ്മാരക മന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് വര്‍ഗീയതയെ ആരാണ് ശരിയായി നേരിടുന്നത് എന്ന് നാം അനുഭവത്തില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാട് സ്വീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ല എന്നായിരുന്നു ആ തീരുമാനം. എന്നാല്‍ കേരളത്തില്‍ ജമാ അത്തെയുമായാണ് കോണ്‍ഗ്രസ് കൂട്ട് ചേര്‍ന്നത്. തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ആ കൂട്ടുകെട്ടുണ്ടാക്കിയത് വേണ്ടിയിരുന്നില്ലെന്ന് തര്‍ക്കമുണ്ടായി. ജനം കാര്യങ്ങള്‍ ശരിയായി മനസിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള കേന്ദ്രമായാണ് അഭിമന്യു സ്മാരകമന്ദിരം സ്ഥാപിച്ചത്. അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ചടങ്ങില്‍ പങ്കെടുത്തു. വിപുലമായ റഫറന്‍സ് ലൈബ്രറി, വിദ്യാര്‍ഥികള്‍ക്ക് ആധുനിക കോഴ്സുകളില്‍ പരിശീലനങ്ങള്‍, മത്സരപരീക്ഷകള്‍ക്ക് സഹായകമായ പരിശീലനം, മത്സരപരീക്ഷകള്‍ക്കും തൊഴില്പ രിശീലനത്തിനുമെത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവ അഭിമന്യു സ്മാരകമന്ദിരത്തിലുണ്ടാകും.