സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ.ശ്രീലേഖ ഇന്ന് സർവ്വീസിൽ നിന്നും പടിയിറങ്ങും: ഔദ്യോഗിക ചടങ്ങുകൾ ഉൾപ്പെടെ യാത്രയയപ്പ് പരിപാടികൾ പൂർണമായും ഉപേക്ഷിക്കാൻ ആഭ്യന്തര വകുപ്പിന് കത്ത്


തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആർ.ശ്രീലേഖ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവ്വീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കേരളത്തിലെ ഐപിഎസ് കേഡറിൽ എത്തിയ ആദ്യ വനിത.

സിവിൽ സർവ്വീസ് രംഗത്തേക്ക് പ്രത്യേകിച്ചും പൊലീസിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് പ്രേരകമായ പേരാണ് ആർ.ശ്രീലേഖ. 33 വർഷത്തെ സർവ്വീസ് ജീവതത്തിനിടയിൽ പൊലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ചു. പൊലീസുദ്യോഗസ്ഥ എന്നതിനൊപ്പം എഴുത്തുകാരിയായും തിളങ്ങി . ചേർത്തല എഎസ്പിയായാണ് തുടക്കം. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായി. സിബിഐയിൽ അഞ്ചു വർഷം എസ്പിയായി പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവടങ്ങളിൽ ഡിഐജിയായും ഐജിയായും എഡിജിപിയായും ജോലി ചെയ്തു. വിജിലൻസിൽ മിന്നൽ പരിശോധനകള്‍ക്ക് തുടക്കമിടുന്നത് ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്.

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്. മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് കേരളത്തിൻറെ ആദ്യ വനിത ഡിജിപിയുടെ പടിയിറക്കം. അതും നിശബ്ദമായി. പൊലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയപ്പു ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചാണ് മടക്കം. മാധ്യമങ്ങളോടും തൽക്കാലം മൗനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക