ശബരിമലയിൽ നിലപാട് മാറ്റി സർക്കാർ; 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അവസരമില്ലെന്ന നിയമം വെബ്സൈറ്റിൽ തിരികെയെത്തി


ശബരില: 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ് വെബ്സൈറ്റിലാണ് സർക്കാർ നിലപാട് മാറ്റിയത്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ഇതിനായി വെബ്സൈറ്റിലെ മാർഗനിർദേശങ്ങളിൽ വരുത്തിയ മാറ്റത്തിലാണ് സർക്കാർ പുതിയ നിലപാട് ഉൾപ്പെടുത്തിയിരിക്കുന്നത്.

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സർക്കാർ നേരിട്ടത്. അതിനുശേഷം നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിരുന്നില്ല.

എന്നാൽ അതിനുശേഷം ഇതാദ്യമായാണ് 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതിക്ക് അവസരമുണ്ടാകില്ലെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ശബരിമല വിധിക്കെതിരായ റിവ്യൂ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന്‍റെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.

കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത്. 65 വയസിനു മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ജനുവരി 19 വരെ 44000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക