കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ 23നാണ് പനിയെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.
രണ്ടുപേർ മാത്രമാണ് നിലവിൽ നിരീക്ഷണത്തിലുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലും പരിശോധന തുടരുകയാണ്.
കോഴിക്കോട് ചെയ്തതുപോലെ പ്രദേശത്തുള്ളവർക്കെല്ലാം ബാക്ടീരയിയെ പ്രതിരോധിക്കുന്ന ഗുളികകൾ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസ്സുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു.