അസാധാരണ സാഹചര്യമെന്ന് മന്ത്രി സുനില്‍കുമാര്‍; ഗവർണറുടെ നടപടി ദൗര്‍ഭാഗ്യകരം: സഭ കൂടണമെന്ന് രമേശ്‌ ചെന്നിത്തല


തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ കർഷക നിയമം നറുക്കെടുപ്പിലൂടെ തള്ളാൻ സഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ഗൗരവതരമായ പ്രശ്‌നമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍. അത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

"സംസ്ഥാനത്ത് തന്നെ അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ജനം ഇത് മനസ്സിലാക്കണം. ഭരണഘടനയനുസരിച്ച് സഭ കൂടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടാല്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ നിഷേധിക്കാന്‍ പാടില്ലാത്തതതാണ്.എന്ത്‌കൊണ്ട് നിഷേധിച്ചുവെന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. സംസ്ഥാന കാബിനറ്റിന്റെ അവകാശത്തിലാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്. ഗുരുതരസാഹചര്യമായതുകൊണ്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി കൈക്കൊള്ളും", മന്ത്രി അറിയിച്ചു.

നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു." രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരേ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാല്‍ അടിയന്തര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്.

കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്", ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ അനുമതി നല്‍കിയില്ലങ്കിലും എം എല്‍ എ മാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് രമേശ് ചെന്നിത്തല പാര്‍ലമെന്ററി കാര്യമന്ത്രി ഏ കെ ബാലനോട് ആവശ്യപ്പെട്ടു.

സഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക