ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് രാജ്യത്ത് കോവിഡ് കാട്ടുതീ പോലെ വ്യാപിക്കാന്‍ കാരണമെന്ന് സുപ്രീംകോടതി. പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെ കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ലോക്ഡൗണ്‍, കര്‍ഫ്യൂ എന്നിവ ഏര്‍പ്പെടുത്തുമ്പോള്‍ അത് നേരത്തെതന്നെ ജനങ്ങളെ അറിയിക്കണം. എങ്കില്‍ മാത്രമേ അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കഴിഞ്ഞ എട്ടു മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നേഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു പോയിരിക്കാം. അവര്‍ക്ക് വിശ്രമം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.